ചെമ്പന്തൊട്ടി: എഫ്സിആർഎ ഭേദഗതി ബില്ലിൽ സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായംകൂടി തേടണമെന്ന് ചെമ്പന്തൊട്ടി ഫൊറോന കൗൺസിൽ ആവശ്യപ്പെട്ടു.
നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലാക്കും. ഇത് വ്യക്തികളുടെയും കൂട്ടായ്മകളുടെയും സ്വത്തവകാശത്തെയും ബാധിക്കും. ന്യൂനപക്ഷങ്ങൾക്ക് വിദ്യാലയങ്ങളും ആശുപത്രികളും നടത്താനുള്ള സ്വയം ഭരണാധികാരം ഇതിലൂടെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
വിദേശ സഹായം നിയന്ത്രണ വിധേയമായിരിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, അതിന്റെ പേരിൽ ആസ്തികൾ പിടിച്ചെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. അതുകൊണ്ട് സർക്കാർ പൊതുജനാഭിപ്രായംകൂടി തേടിയശേഷം മാത്രമേ ഈ ബില്ല് പരിഗണിക്കാവൂ എന്നാണ് ഫൊറോന കൗൺസിൽ ആവശ്യപ്പെടുന്നത്. ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു.
ഫൊറോന കൗൺസിൽ പ്രസിഡന്റ് ജോസ് പന്ന്യാംമാക്കൽ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് ചെരുവിൽ, ഫാ. ജോബി ഇടത്തിനാൽ, ഫാ. ജോസഫ് ഓരത്തേൽ, ഫാ. മാത്യു കുറുമ്പുറത്ത്, ഫാ. കുര്യാക്കോസ് ഓരത്തേൽ, ഫാ. പോൾ ഓലിക്കൽ, ജോസഫ് കവുന്നുകാട്ടിൽ, സൈജോ വട്ടക്കാവുങ്കൽ, ഷിനോ പാറയ്ക്കൽ, ഫൊറോന കൗൺസിൽ സെക്രട്ടറി പ്രീന മനു വാഴപ്പിള്ളിൽ, ജോസഫീന വർഗീസ് എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.